ലോക്ഡൗണ്‍ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പ്; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച.

സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണം. ഇക്കാര്യം ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കുന്നുവെന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനിയും വളരെ പതുക്കെയാണു പോകുന്നതെങ്കില്‍ കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതു ക്ലേശകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ചില സംസ്ഥാനങ്ങള്‍ വിമുഖത കാട്ടുന്നുവെന്ന് ഹര്‍ഷവര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 4100 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം നിയാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമേ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയുള്ളു.

Top