കൊറോണ, വിമാനസര്‍വീസുകള്‍ റദ്ദാക്കി; വിവിധ രാജ്യത്ത് കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടും

കുവൈത്ത് സിറ്റി : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ വിസ കാലാവധി കുവൈത്ത് നീട്ടിനല്‍കും. സന്ദര്‍ശക വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് ഖാലിദ് അല്‍ സാലിഹിന്റെ നിര്‍ദേശ പ്രകാരാണ് പ്രതിസന്ധി നേരിടുന്ന വിദേശികളുടെ താമസരേഖ കാലാവധി നീട്ടി നല്‍കുന്നത്. ഇതിന് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ ജനറല്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടിയെന്ന് കുടിയേറ്റ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ കമ്പനി ഉടമകള്‍ക്കോ പ്രതിനിധികള്‍ക്കോ ആര്‍ട്ടിക്കിള്‍-18 വിസയിലുള്ള വിദേശികളുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളുമായി വിസ പുതുക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയെ സമീപിക്കാം.

ആര്‍ട്ടിക്കിള്‍ 20 വീട്ടുവേലക്കാരുടെ താമസരേഖയും സ്‌പോണ്‍സര്‍ക്ക് പുതുക്കാം. ഇതൊടൊപ്പം കുടുംബ ആശ്രിത വിസകളും പുതുക്കാവുന്നതാണെന്നും മറാഫി അറിയിച്ചു. സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയിട്ടുള്ളവര്‍ക്ക് വിസ കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നല്‍കും. നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ജോലിക്കാര്‍ക്ക് മൂന്ന് മാസത്തെ അവധി നല്‍കുന്നതിനും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും നീട്ടി നല്‍കുകയും ചെയ്യും. ഈ ആനുകൂല്യം ഇന്ത്യ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ചൈന, ഹോങ്‌കോങ്, ഇറാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‌ലന്‍ഡ്, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യക്കാര്‍ക്ക് മാത്രമായിരിക്കും

Top