ശേഷിക്കുന്ന ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാന്‍ ചൈനയിലേക്ക് അയക്കുന്നത് സി 17

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെക്കൂടി ഒഴിപ്പിക്കാന്‍ നീക്കം. ഫെബ്രുവരി 20 ന് ഇന്ത്യന്‍ സൈന്യത്തിന്റെ സി 17 എന്ന സൈനിക വിമാനത്തെ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയും ഈ വിമാനത്തില്‍ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ സൈനിക വിമാനമാണ് സി 17 ഗ്ലോബ്മാസ്റ്റര്‍.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ അയച്ച് 640 ഇന്ത്യക്കാരെ നേരത്തെ ചൈനയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യകഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവയാണ് സി 17 വിമാനത്തില്‍ കൊണ്ടുപോകുന്നത്.

ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കിയതിനും ആ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനും ഇന്ത്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൈനീസ് സ്ഥാനപതി രംഗത്തെത്തിയിരുന്നു. വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയിലുള്ള ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top