സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ; ഉര്‍ജ്ജിത നടപടികളുമായി ആരോഗ്യവകുപ്പ്

shylaja-kk

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ അവസാനിച്ചു.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധിത പ്രദേശത്തുനിന്നെത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. വെള്ളിയാഴ്ച മുതല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കളക്ടറേറ്റില്‍ 11 മണിക്കാണ് യോഗം നടക്കുന്നത്. കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരില്‍ 15പേര്‍ ആശുപത്രികളിലും 1038 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍നിന്നെത്തിയ പതിനൊന്നുപേര്‍ തൃശ്ശൂരിലുണ്ട്. ഇതില്‍ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.

Top