പഞ്ചാബില്‍ രണ്ടു പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ രണ്ടു പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ രണ്ടുപേരിലാണ് പ്രാഥമിക പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധിച്ച ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ ഇവര്‍രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് പ്രാഥമിക പരിശോധനയ്ക്ക് അയച്ചു.

പരിശോധനാഫലം പോസിറ്റീവ് ആയിരുന്നെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ രണ്ടാം ഘട്ട പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പുറത്തുവരും. പ്രാഥമിക കണ്ടെത്തലുകള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനാണ് ഇത് ചെയ്യുന്നതിനായാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി.

ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവരെല്ലാം വിദേശത്തുനിന്നും വന്നവരാണ്.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,774 കടന്നു. വൈറസ് ബാധമൂലം 3412 പേരാണ് മരിച്ചത്.55,997 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 41,365 പേരാണ് രോഗികളായി തുടരുന്നത്.

Top