വുഹാനില്‍ ആശുപത്രി ഡയറക്ടർ മരിച്ചു; ഷീ ജിന്‍പിങ്ങിനെ വിമര്‍ശിച്ചയാള്‍ അറസ്റ്റില്‍

ബെയ്ജിങ്: നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ആശുപത്രി ഡയറക്ടറും വൈറസ് ബാധയേറ്റ് മരിച്ചു. വുഹാനിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടര്‍ ലിയു ഷിമിങ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.

കൊറോണ വൈറസ് അഥവ് കൊവിഡ്19 വൈറസ് ബാധിച്ച് ഇതുവരെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, പകര്‍ച്ചവ്യാധി ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വിമര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്ന സുഴിയോങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചതെക്കന്‍ നഗരമായ ഗുവാങ്ചൗവില്‍നിന്നാണ് ഇയാള്‍ പിടിയിലായിരിക്കുന്നതന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ വൈറസിനെ നേരിടുന്നതിന് വേണ്ട അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചൈനയ്ക്ക് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഞായറാഴ്ച ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മിസ്‌റി ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ മാസ്‌കുകള്‍, കയ്യുറകള്‍, സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയ്ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആവശ്യകത കൂടിയതോടെ ചൈനയില്‍ മാസ്‌കുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. അതിനാല്‍ഇത്തരം സാമഗ്രികളടക്കമുള്ളവയാകും ഇന്ത്യ ചൈനയ്ക്ക് കൈമാറുക.

Top