അതിമാരകമായ രോഗം വരുന്നു,അത് പടര്‍ന്നുപിടിക്കും; മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍

ബെയ്ജീങ്: ചൈനയിലെ ഒരു ഡോക്ടറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്. കൊറോണ വൈറസ്, പടര്‍ന്നുപിടിക്കുന്ന ഒരു വൈറസാണെന്നും ചികിത്സ നല്‍കിയില്ലെങ്കില്‍ ഏറ്റവും ഭീതികരമായ തലത്തിലേക്ക് അത് മാറുമെന്നും ആദ്യം ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നല്‍കിയ ആളാണ് ഴാങ് ജിക്‌സിയാനെന്ന ഈ ഡോക്ടര്‍.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഡിസംബര്‍ 26ാം തീയ്യതി നാല് പേര്‍ പനിയുമായി ഴാങ് ജിക്‌സിയാനെ കാണാനായി ആശുപത്രിയിലെത്തി. പനിക്കൊപ്പം ശ്വസിക്കുന്നതിലുള്ള പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടിരുന്നു. ശ്വാസകോശരോഗ വിദഗ്ധയായ ഴാങ് ഇവരെ പരിശോധിച്ചപ്പോഴും വൈറസാണെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരേ രോഗലക്ഷണമായിരുന്നു. ന്യുമോണിയയ്ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി. എന്നാല്‍ ന്യുമോണിയയല്ല.

തുടര്‍ന്ന് അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ വീണ്ടും മൂന്ന് പേര്‍ ചികിത്സയ്ക്ക് എത്തി. തുടര്‍ന്നാണ് എന്തോ വലിയ കുഴപ്പമാണെന്ന് ഴാങിന് മനസിലായത്. വന്ന രോഗികള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെന്ന് മനസിലായതോടെ പടര്‍ന്നുപിടിക്കുന്ന ഒരുതരം രോഗമാണോ ഇതെന്ന സംശയവും ഉടലെടുത്തു. കൂടാതെ രോഗലക്ഷണവുമായി എത്തിയ ഏഴ് പേരും ഹൂബൈയ്ക്ക് സമീപത്തെ സൂഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയോ ഇടപഴകുകയോ ചെയ്തിട്ടുള്ളവരായിരുന്നു.

അസ്വഭാവിക രോഗം തിരിച്ചറിഞ്ഞ ഡോക്ടര്‍ ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതവൃത്തങ്ങളെ അറിയിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഹൂബൈയില്‍ നിന്ന് സമാനമായ 300 ലധികം കേസുകള്‍ വിവിധ ആശുപത്രികളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഇത് കൊറോണ വൈറസ് എന്ന പുതിയ രോഗാണുവിന്റെ വ്യാപനമാണെന്ന് ഗവേഷകസംഘം കണ്ടെത്തുകയും ചെയ്തു.

അതി മാരകമായ രോഗമാണ് വരാന്‍ പോകുന്നത് എന്ന് തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിച്ച ഈ ഡോക്ടര്‍ ഇന്ന് ചൈനയിലെ ഹീറോ ആണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ് എന്നാണ് വിവരം.

രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രോഗികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചാണ് ഇവര്‍ ചികിത്സിച്ചത്. അതുകൊണ്ട് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നു.

പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഴാങ് പറഞ്ഞു.

Top