രണ്ടാമത്തെ റാപ്പിഡ് പരിശോധന ഫലവും നെഗറ്റീവ്; ട്രംപിന് കൊറോണ വൈറസില്ല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് വൈറസ് ബാധയില്ലെന്ന് രണ്ടാമത്തെയും റാപ്പിഡ് പരിശോധന ഫലം. വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണ്‍ലിയാണ് ഇക്കാര്യമറിയിച്ചത്. പ്രസിഡന്റ് വീണ്ടും കൊവിഡ് 19 നിര്‍ണയ പരിശോധനക്ക് വിധേയനായി. അദ്ദേഹം ആരോഗ്യവാനാണ്, വൈറസ് ബാധയില്ല. സാംമ്പിള്‍ പരിശോധന ഒരു മിനിട്ട് നീണ്ടു, 15 മിനിട്ടിനകം പരിശോധനാ ഫലവും ലഭിച്ചവെന്ന് ഡോക്ടര്‍ സീന്‍ കോണ്‍ലി വ്യക്തമാക്കി.

കൊവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഴ്‌സിങ് ഹോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ട്രംപ് പുറപ്പെടുവിച്ചു. രാജ്യത്തെ 140 നഴ്‌സിങ് ഹോമുകളുടെ പരിധിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ചികിത്സ ആവശ്യമില്ലാത്ത ആളുകള്‍ക്ക് നഴ്‌സിങ് ഹോമുകളില്‍ പ്രവേശനം അനുവദിക്കരുത്.

നഴ്‌സിങ് ഹോമിലെ സ്റ്റാഫിന് സ്ഥിരമായി ഒരു സംഘം രോഗികളെ മാത്രം പരിചരിക്കാന്‍ അനുവദിക്കുക. രോഗം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആയി പ്രത്യേക സ്ഥലം നിശ്ചയിക്കുക തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍. അമേരിക്കയില്‍ 2,43,453 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 5,911 പേര്‍ മരണപ്പെട്ടു. 9,001 പേര്‍ സുഖം പ്രാപിച്ചു.

Top