ഇനി മനുഷ്യന്‍ കൊറോണയുമായി ജീവിക്കണം; ലോകപ്രശസ്ത വൈറോളജിസ്റ്റ് പറയുന്നു . . .

ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പകര്‍ച്ചവ്യാധി ഇന്ത്യയില്‍ എത്തിയത്. വുഹാനില്‍ നിന്നും യാത്ര ചെയ്ത് കേരളത്തിലെത്തിയ മൂന്ന് പേരിലാണ് വൈറസ് കണ്ടെത്തിയത്. ഇവര്‍ക്ക് ചികിത്സ നല്‍കി, ഡിസ്ചാര്‍ജ്ജ് ചെയ്യുകയുമുണ്ടായി.

എന്നാല്‍ ഇതിന് ശേഷമാണ് ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍ കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 4ന് ഇന്ത്യയില്‍ ആകെ കേസുകളുടെ എണ്ണം 28 ആയി ഉയര്‍ന്നു. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകുന്നതിനിടെയാണ് സുപ്രധാന മുന്നറിയിപ്പുമായി ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഡബ്യു ഇയാന്‍ ലിപ്കിന്‍ രംഗത്ത് വരുന്നത്.

‘അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധി എത്രത്തോളം ബാധിക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ലക്ഷണങ്ങള്‍ ചിലരില്‍ കാണുകയും ചിലരില്‍ ഒട്ടും കാണാത്തതുമായ അവസ്ഥയുണ്ട്’, ഡോ. ലിപ്കിന്‍ പറഞ്ഞു. ലോകജനസംഖ്യയില്‍ നല്ലൊരു ശതമാനം പേരെയും കൊറോണ വൈറസ് ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വസൂരി പോലുള്ള മറ്റ് ചില രോഗങ്ങള്‍ പോലെ മനുഷ്യന് കൊറോണ വൈറസുമായി താതാത്മ്യപ്പെട്ട് ജീവിച്ച് പോകേണ്ടതായ അവസ്ഥയിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. അടുത്ത സീസണിലും വൈറസ് തിരിച്ചുവന്നേക്കാം. ആ സമയം കൊണ്ട് പ്രതിരോധ മരുന്ന് ലഭ്യമാകുമെന്നത് മാത്രമാണ് പ്രതീക്ഷ. ഒരു വര്‍ഷത്തിനകം ഈ മരുന്ന് ലഭ്യമാകും, ഡോ. ഇയാന്‍ ലിപ്കിന്‍ പറഞ്ഞു.

രോഗം ബാധിച്ചതായി തോന്നിയാല്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയാണ് ആദ്യത്തെ നടപടിയെന്ന് ഡോ. ലിപ്കിന്‍ പറഞ്ഞു. പരിഭ്രാന്തരാകാതെ കൃത്യമായ നടപടി സ്വീകരിച്ചാല്‍ ഈ വൈറസിനോടും നമ്മള്‍ തോല്‍ക്കില്ലെന്നാണ് ഡോ. ലിപ്കിന്റെ വാക്കുകള്‍.

Top