എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ച് യുഎഇ; അടിയന്തര സാഹചര്യത്തില്‍ മാത്രം അനുമതി

അബുദാബി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് തീരുമാനമെടുത്തത്.

ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. യുഎഇയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയുള്ള ട്രാന്‍സിറ്റ് യാത്രയും അനുവദിക്കില്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. 14 ദിവസത്തേക്കായിരിക്കും വിലക്ക്. കാര്‍ഗോ വിമാനങ്ങള്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ യുഎഇ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായുള്ള വിമാനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Top