രാജ്യ തലസ്ഥാനത്ത് ‘കൊറോണ’ അടിയന്തരാവസ്ഥ; ആശങ്കയെന്ന് മുഖ്യമന്ത്രി

കൊറോണാവൈറസ് സംബന്ധിച്ച് ആശങ്കകളുള്ളതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നിരുന്നാലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് രംഗത്തുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അടിയന്തരമായി തന്നെ ഈ വിഷയം നേരിടുകയാണ്, അദ്ദേഹം പറഞ്ഞു,

രാജ്യതലസ്ഥാനത്ത് രണ്ട് കൊറോണാവൈറസ് പരിശോധനാ ലാബുകളും ആരംഭിക്കും. ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റലില്‍ തുടങ്ങുന്ന ലാബ് ആവശ്യമെങ്കില്‍ എല്‍എന്‍ജെപി ഹോസിപിറ്റലിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ വൈറസിന് പോസിറ്റീവായി കണ്ടെത്തിയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന 88 പേരെ തിരിച്ചറിഞ്ഞതായി കെജ്രിവാള്‍ പറഞ്ഞു. ഇവരെ അധികൃതര്‍ ഇന്‍ഫെക്ഷന്‍ സ്‌ക്രീനിംഗിന് വിധേയമാക്കും.

എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജ്രിവാള്‍ മാധ്യമങ്ങളെ കണ്ടത്. ഇതിനകം രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം 28 ആയി ഉയര്‍ന്നു. 14 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്കും, ഒരു ഇന്ത്യന്‍ ഡ്രൈവര്‍ക്കുമാണ് കൊറോണ തിരിച്ചറിഞ്ഞിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരില്‍ രോഗബാധ പിടികൂടിയ രണ്ട് ഇറ്റാലിയന്‍ പൗരന്‍മാരുമായി സമ്പര്‍ക്കത്തില്‍ വന്നതോടെയാണ് ഈ സംഘത്തിലേക്കും വൈറസ് എത്തിച്ചേര്‍ന്നത്. ഡല്‍ഹിയിലെ രോഗിയുടെ ആഗ്രയിലുള്ള ആറംഗ കുടുംബവും വൈറസിന് പോസിറ്റീവായി കണ്ടെത്തി. ദുബായില്‍ നിന്നും മടങ്ങിയ ഹൈദരാബാദുകാരനാണ് രോഗബാധ പിടികൂടിയ മറ്റൊരാള്‍. രാജ്യത്ത് ആദ്യം വൈറസ് ബാധ തിരിച്ചറിഞ്ഞത് കേരളത്തിലാണ്. ചൈനയിലെ വുഹാനില്‍ നിന്നും എത്തിയവരിലാണ് വൈറസ് കണ്ടെത്തിയത്. ഇവരെല്ലാം രോഗബാധയില്‍ നിന്നും മുക്തരായിരുന്നു.

Top