തൃശ്ശൂരില്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ല:എ.സി മൊയ്തീന്‍

തൃശ്ശൂര്‍: ജില്ലയില്‍ നിലവില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍.ജില്ലയിലെ കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും നേരത്തെ കണക്കൂകൂട്ടിയിരുന്ന നിലയിലാണ് രോഗികൾ കൂടിയതെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കോവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി അറിയിച്ചു.

919 പേരെയാണ് ഇന്ന് ജില്ലയില്‍ നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ വിവിധ ആശുപത്രികളിലായി കോവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങിനടക്കുന്നുണ്ട്. ഇത് അപകടകരമാണ്.
അതിനാല്‍ പൊലീസ് പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റി ബോഡി ടെസ്റ്റ് നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ഇല്ലായിരുന്നുവെന്നും ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ പത്ത് കണ്ടെയ്മെന്റ് സോണുകളുണ്ട്.ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അണുനശീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top