കൊറോണ വൈറസ്: ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളില്‍ ചൈനയിലെ ഹാങ്ചൗവിലാണ് ചാംപ്യന്‍ഷിപ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. ഏഷ്യന്‍ അത്ലറ്റിക്‌സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നു ചൈനയില്‍ ഇതുവരെ 56 റോളം ആളുകളാണ് മരിച്ചത്. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. നിലവില്‍ രാജ്യത്ത് വൈറസ് ഭീതി തുടരുകയാണ്. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, ഞായറാഴ്ച കാനഡയിലും ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയ, യുഎസ്, നേപ്പാള്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പുര്‍, ജപ്പാന്‍, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്ലറ്റിക്‌സ് അസോസിയേഷന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായും മറ്റു ഫെഡറേഷനുകളുമായും ചര്‍ച്ചയിലാണെന്നും സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Top