ചൈനയ്ക്ക് പുറത്ത് കൊറോണ പടരുന്നത് ‘എട്ടിരട്ടി’ വേഗത്തില്‍; ആശങ്കയുമായി ഡബ്യുഎച്ച്ഒ

ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് പുതിയ കൊറോണ വൈറസ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പടരുന്നതെന്ന് കണക്കുകള്‍. വന്‍തോതില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ എയര്‍പോര്‍ട്ടുകളില്‍ സ്‌ക്രീനിംഗ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് പല രാജ്യങ്ങളും. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയ്ക്ക് എട്ടിരട്ടി വേഗത്തിലാണ് പുതിയ കേസുകള്‍ കണ്ടെത്തുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗെബ്രെയ്‌സിസ് വ്യക്തമാക്കി.

നിലവില്‍ ആഗോള തലത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആശങ്കപ്പെടുത്തുന്ന തോതിലാണ് ഉയരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സൗത്ത് കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ പകര്‍ച്ചവ്യാധികളാണ് ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതെന്ന് ജനീവയില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കവെ ടെഡ്രോസ് ഗ്രെബ്രെയ്‌സിസ് പറഞ്ഞു. സൗത്ത് കൊറിയയില്‍ കര്‍ശന നിരീക്ഷണം ഫലം കാണുന്നുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമാണ് സൗത്ത് കൊറിയ.

സൗത്ത് കൊറിയയിലും, ഇറ്റലിയിലും എത്തിച്ചേരുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി. യുഎസിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ ടീമിന്റെ ചുമതല പെന്‍സിനാണ് നല്‍കിയിരിക്കുന്നത്. യുഎസ് യാത്രാ വിലക്കുകള്‍ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള തലത്തില്‍ കൊറോണാ മരണങ്ങള്‍ 3000 കടന്നിട്ടുണ്ട്. ഇറ്റലിയിലെ മരണസംഖ്യ 18ല്‍ നിന്നും 52 ആയി കുതിച്ചുചാട്ടം നടത്തി. ലാത്വിയ, സൗദി അറേബ്യ, സെനഗല്‍, മൊറോക്കോ എന്നിവിടങ്ങളില്‍ ആദ്യത്തെ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Top