ലോകത്തെ സഹായിച്ച പ്രൊഫസറുടെ ലാബ് അടച്ചു; ചൈനയ്‌ക്കെതിരെ വൈറ്റ് ഹൗസ്

വാഷിങ്ടന്‍: കൊറോണ വ്യാപനം തടയുന്നതില്‍ ചൈനയ്ക്കു ഗുരുതരമായ വീഴ്ച പറ്റിയെന്നതു രഹസ്യമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലീഗ് മെക്കനാനി. ചൈന ഒരുഘട്ടത്തിലും വൈറസിന്റെ ജിനോം സീക്വന്‍സ് പുറത്തുവിട്ടിരുന്നില്ല. ഷാങ്ഹായിയിലെ ഒരു ലാബിലെ പ്രഫസറാണ് ഇതു പുറത്തുവിട്ട് ലോകത്തെ സഹായിച്ചത്. തൊട്ടുപിറ്റേന്നു തന്നെ ചൈന ആ ലാബ് അടപ്പിക്കുകയും ചെയ്തുവെന്നും മെക്കനാനി കുറ്റപ്പെടുത്തി.

നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ കൊറോണ വൈറസ് 64,000 അമേരിക്കക്കാരുടെ ഉള്‍പ്പെടെ 2.35ലക്ഷം ജീവനുകളെടുത്ത സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ചൈനയ്ക്ക് നേരെയുള്ള ആരോപണ ശരങ്ങള്‍ കടുപ്പിക്കുന്നത്.

വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതിനെക്കുറിച്ചു വിവരങ്ങള്‍ ചൈനയും ലോകാരോഗ്യസംഘടനയും മറച്ചുവച്ചുവെന്നും മെക്കനാനി കുറ്റപ്പെടുത്തി.

ലോകാരോഗ്യ സംഘടനയ്ക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് വൈറ്റ് ഹൗസ് ഉന്നയിച്ചത്.ലോകാരോഗ്യ സംഘടനയ്ക്ക് പ്രതിവര്‍ഷം 40 കോടി ഡോളര്‍ (2800 കോടി രൂപ) മുതല്‍ 50 കോടി ഡോളര്‍ വരെ അമേരിക്ക നല്‍കുന്നുണ്ട്. എന്നാല്‍ 4 കോടി ഡോളറാണ് ചൈന ഈ സ്ഥാനത്ത് നല്‍കുന്നത്. എന്നാല്‍ ‘ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യക്തമായ ചൈന പക്ഷപാതമുണ്ടെന്ന് തോന്നുന്നുവെന്ന്
അദ്ദേഹം ആരോപിച്ചു.

ഡിസംബര്‍ 31ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്ന് തായ്വാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.അതിനു ശേഷം ജനുവരി 9നും വൈറസ് മനുഷ്യരിലേക്ക് പെട്ടെന്ന് പകരില്ലന്ന ചൈനീസ് വാദം ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു. ഇത് തെറ്റായിരുന്നു’, മെക്കനാനി ചൂണ്ടിക്കാട്ടി.

വുഹാനിലെ ലാബില്‍നിന്നാവാം വൈറസ് പടര്‍ന്നതെന്ന ട്രംപിന്റെ പ്രസ്താവന ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും മെക്കനാനി പറഞ്ഞു.

Top