കൊറോണ; ചൈനീസ് മൊബൈലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍

ന്ത്യയില്‍ കൊറോണവൈറസ് പകര്‍ച്ചവ്യാധിയായി മാറുന്ന സാഹചര്യത്തില്‍ മെയ്ഡ് ഇന്‍ ചൈന മൊബൈല്‍, ടാബ്‌ലറ്റുകളുടെ ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹരിയാന നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ നല്‍കിയ മൊബൈല്‍ ടാബ്‌ലെറ്റുകള്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നത് അസ്വസ്ഥത ജനിപ്പിക്കുന്നതായാണ് എംഎല്‍എമാരുടെ പരാതി. കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമാണ് വുഹാന്‍.

കോണ്‍ഗ്രസ് എംഎല്‍എമാരായ ഭൂപേന്ദ്ര സിംഗ് ഹൂഡ, ഗീത ഭുക്കല്‍, വരുണ്‍ മുലാന, ചിരഞ്ജീവ് റാവു, അഫ്താബ് അഹമ്മദ്, റാവു ദാന്‍ സിംഗ് എന്നിങ്ങനെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരാണ് നിയമസഭയിലെ ചൈനീസ് ടാബുകളുടെ ഉപയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്ത് വന്നത്. ഹരിയാന സര്‍ക്കാര്‍ ചുരുങ്ങിയ വിലയ്ക്കാണ് ഈ ടാബുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതെന്ന് കോണ്‍ഗ്രസ് പറയുന്നു.

കൊറോണ മൂലം ചൈനീസ് വ്യാപാര മേഖല തിരിച്ചടി നേരിടുന്നതിന്റെ ആനുകൂല്യമാണ് സര്‍ക്കാര്‍ മുതലാക്കിയത്. എന്നാല്‍ ഈ ചൈനീസ് ടാബുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പ് നല്‍കണമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിനോട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൈനീസ് ടാബ് താനും ഉപയോഗിക്കുന്നുണ്ടെന്നും അപകടമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പകരം നന്നായി കൈകഴുകാനും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ അനില്‍ വിജ് ഓര്‍മ്മിപ്പിച്ചു. സ്വന്തം കൈ കഴുകിയാല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍ക്ക് ഹൂഡ നല്‍കിയ മറുപടി. ബജറ്റ് സമ്മേളനം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് അംഗങ്ങള്‍ ടാബുകള്‍ കൈമാറിയത്.

അതേസമയം കൊറോണാവൈറസ് ഭീതിയെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു. 943 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

Top