കൊറോണ പ്രതിസന്ധിയില്‍പ്പെട്ട് കഷ്ടത്തിലായ പാവങ്ങള്‍ക്ക് സച്ചിന്റെ സഹായം വീണ്ടും

മുംബൈ: മുംബൈയിലെ കൊവിഡ് ബാധിതര്‍ക്ക് വീണ്ടും സഹായവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനുള്ള പദ്ധതിയിലാണ് സച്ചിന്‍ പങ്കാളിയായത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന അപ്നാലയ എന്ന ലാഭേതര സന്നദ്ധ സംഘടനയാണ് സച്ചിന്റെ സഹായത്തെക്കുറിച്ച് ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

സച്ചിന് നന്ദി അറിയിച്ച് കൊണ്ട് അപ്‌നാലയ അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് സച്ചിന്‍ മറുപടി നല്‍കുകയും ചെയ്തു. അപ്നാലയക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന സച്ചിന്‍ നല്ലപ്രവര്‍ത്തികള്‍ ഇനിയും തുടരുകയെന്നും പറഞ്ഞു. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കുമാണ് സച്ചിന്‍ നല്‍കിയത്.

Top