ഏപ്രില്‍14 കഴിഞ്ഞാലും നിര്‍ണായക ദിനങ്ങള്‍ ; മോദിയുമായി സംവദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കഴിഞ്ഞാലും തുടര്‍ന്നുള്ളദിനങ്ങള്‍ നിര്‍ണായകമാണെന്ന് ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഈ മാസം 14 വരെയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയശേഷമാണ് സച്ചിന്റെ പ്രസ്താവന.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളില്‍ സഹായം തേടി രാജ്യത്തെ 49 കായിക താരങ്ങളുമായി മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ സച്ചിന് അവസരം ലഭിച്ചത്.

ഏപ്രില്‍ 14 കഴിഞ്ഞാലും നാം ഇപ്പോള്‍ പാലിക്കുന്ന സുരക്ഷാ നിയന്ത്രണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് തന്നെ അര്‍ഥം’ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സച്ചിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകം ഈ മഹാവ്യാധിയില്‍നിന്നും രക്ഷപ്പെട്ടാലും ഭാവിയില്‍ മറ്റുള്ളവരെ സ്വീകരിക്കുമ്പോഴും അഭിവാദനം ചെയ്യുമ്പോഴും ഹസ്തദാനത്തിനു പകരം ഇന്ത്യന്‍ ശൈലിയില്‍ നമസ്‌തേ പറയുന്നതിനായിരിക്കും താന്‍ പ്രാധാന്യം നല്‍കുകയെന്ന് സച്ചിന്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ പോലുള്ള അവസരങ്ങളില്‍ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും എങ്ങനെ പ്രധാനപ്പെട്ടതാകുന്നുവെന്ന കാര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കായികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ഒരുമിച്ചു നില്‍ക്കാനും പരസ്പരം പ്രചോദിപ്പിക്കാനും നമ്മുടെ രാജ്യത്തിന് കിട്ടിയ അവസരമാണിത്. കായിക മത്സരങ്ങളില്‍ സംഘബോധം വിജയത്തിലേക്കു വഴിവെട്ടുന്നതെങ്ങനെയോ, അപ്രകാരം വേണം ഒരു രാജ്യമെന്ന നിലയില്‍ ഈ പ്രതിസന്ധി ഘട്ടത്തെ നാം തരണം ചെയ്യാന്‍’ സച്ചിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സച്ചിനു പുറമെ സൗരവ് ഗാംഗുലി, വിരാട് കോലി, മഹേന്ദ്രസിങ് ധോണി, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര എന്നിവരാണ് ക്രിക്കറ്റില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

മറ്റു കായിക മേഖലകളില്‍നിന്ന് ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, മുന്‍ താരം ബൈചുങ് ബൂട്ടിയ, ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വനാഥന്‍ ആനന്ദ്, അത്ലീറ്റ് ഹിമ ദാസ്, ബോക്‌സിങ് താരവും രാജ്യസഭാ എംപിയുമായ എം.സി. മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, കെ.ടി. ഇര്‍ഫാന്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.

Top