കൊറോണാവൈറസ് ‘ജയിലില്‍’; തടവുപുള്ളികള്‍ക്ക് കൂട്ടമരണമാകുമോ?

പുതിയ കൊറോണാവൈറസ് പകര്‍ച്ചവ്യാധി ഒടുവില്‍ ചൈനയിലെ ജയിലുകളിലും എത്തിച്ചേര്‍ന്നു. ഇതോടെ ചൈനയിലെ തിരക്കേറിയ ജയിലുകളില്‍ വന്‍തോതില്‍ രോഗികള്‍ സൃഷ്ടിക്കപ്പെടുമോയെന്നാണ് ആശങ്ക ഉയരുന്നത്. സിന്‍ജിയാംഗ് ഉയിഗുര്‍ ഓട്ടോണോമസ് മേഖലയിലെ ജയിലില്‍ ഉള്‍പ്പെടെയാണ് രോഗബാധ എത്തിച്ചേര്‍ന്നത്.

വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ജയിലുകളില്‍ ഏകദേശം 450 തടവുകാര്‍ക്കും, പോലീസുകാര്‍ക്കുമാണ് കൊറോണ പിടിപെട്ടതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 220 കേസുകള്‍ ഹുബെയിലാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗവിവരങ്ങളില്‍ ജയിലുകളിലെ കണക്കുകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

ഹുബെയിലെ ഏതെല്ലാം ജയിലുകളിലാണ് പകര്‍ച്ചവ്യാധി എത്തിയതെന്ന് എന്‍എച്ച്എസി വിശദീകരിച്ചില്ല. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ മരണനിരക്ക് 2239 ആണ്, രാത്രിയില്‍ മാത്രം 120 പേരാണ് മരിച്ചത്. വൈറസ് പിടികൂടിയവരുടെ എണ്ണം 75,500 എത്തി. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിനിംഗ് നഗരത്തിലെ ജയിലില്‍ 207 തടവുകാര്‍ക്കും, പോലീസുകാര്‍ക്കും രോഗം പിടിപെട്ടതായാണ് റിപ്പോര്‍ട്ട്.

സെജിയാംഗ് പ്രവിശ്യയിലെ ജയിലില്‍ ചുരുങ്ങിയ 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയിലുകളില്‍ അതിവേഗത്തിലാണ് വൈറസ് പടരുന്നത്. ജയിലുകളില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ എങ്ങിനെ ക്വാറന്റൈന്‍ ചെയ്യുമെന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്.

Top