ആദ്യവിമാനത്തില്‍ മടങ്ങിയെത്തുന്ന എറണാകുളം ജില്ലക്കാര്‍ക്ക്‌ ക്വാറന്റൈന്‍ രാജഗിരി കോളേജ് ഹോസ്റ്റല്‍

കൊച്ചി: ആദ്യവിമാനത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റല്‍.

മറ്റു ജില്ലകളില്‍ നിന്നുള്ളവരെ കെ.എസ്.ആര്‍.ടി.സി. ബസില്‍ അവരവരുടെ ജില്ലകളിലേക്ക് വിടും. ഓരോ ജില്ലയിലുള്ളവര്‍ക്കും അതാത് ജില്ലാ ഭരണകൂടങ്ങളാണ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടത്.

അറ്റാച്ച്ഡ് ബാത്ത്‌റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. രാജഗിരി ഹോസ്റ്റലില്‍ പ്രവാസികള്‍ക്കായി 75 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും.

ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച എത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം സ്വദേശികളായ ഇരുപതിലേറെ പേര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

രാജഗിരി ഹോസ്റ്റല്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍, പ്രവാസികളെ താമസിപ്പിക്കാനായി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ താമസിപ്പിക്കുന്നതിനായി ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top