ഒഡീഷക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗണ്‍ കാലാവധി നീട്ടി

ചണ്ഡീഗഡ്: ഒഡീഷക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി നീട്ടി പഞ്ചാബ് സര്‍ക്കാര്‍. ഏപ്രില്‍ 14 വരെയുണ്ടായിരുന്ന ലോക്ഡൗണ്‍ മേയ് ഒന്നുവരെയാണ് നീട്ടിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. റാബി വിളവെടുപ്പിനു പോകുന്ന കര്‍ഷകര്‍ക്ക് ഇളവ് നല്‍കും. പഞ്ചാബില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 636 പേരെ കണ്ടെത്തിയെന്നും 15 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വിലയിരുത്തലും ലോക്ഡൗണുമാണ് മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയിലെ പ്രധാന അജന്‍ഡ. മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്നും ഉടന്‍ നിയന്ത്രണങ്ങള്‍ നീക്കരുതെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സാമ്പത്തികനില പരിഗണിച്ചു ചില മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Top