കൊറോണ വൈറസ് എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കണം; ഇന്ത്യ ഒരു കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി കൊറോണ വൈറസ് എമര്‍ജന്‍സി ഫണ്ട് രൂപവത്കരിക്കണമെന്ന സാര്‍ക്ക് രാജ്യങ്ങള്‍ക്കായി നിര്‍ദ്ദേശം മുന്നില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സര്‍ക്ക് രാജ്യങ്ങളുമായി മോദി ആശയവിനിമയം നടത്തിയത്.

സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളില്‍നിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ ഈ നിര്‍ദ്ദേശത്തിന് ലഭിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുവായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേല്‍നോട്ടം വഹിക്കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി.

ഇന്ത്യയില്‍ എത്തുന്നവരെ ജനുവരി മധ്യത്തില്‍തന്നെ പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. യാത്രാ നിയന്ത്രണങ്ങളും പിന്നീട് ഏര്‍പ്പെടുത്തി. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപാക്‌സ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (ആരോഗ്യം) സഫര്‍ മിര്‍സ തുടങ്ങിയവര്‍ പങ്കെടുത്തു.

Top