കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണം; പദ്ധതികള്‍ തയ്യാറാക്കണമെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉള്ള പദ്ധതികളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കൊപ്പമാണ് മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പ്രധാനമന്ത്രി ആദ്യാമായാണ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം ലോക്ക്ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡു ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. അതില്‍ പറഞ്ഞിരുന്നത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ്.

ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷവും രോഗവ്യാപനത്തെ തടയാനുള്ള ഉത്തരവാദിത്തം എല്ലാവരും കാണിക്കണമെന്നും കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം ലോക്ക്ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും ട്വീറ്റിലുണ്ടായിരുന്നു.

എന്നാല്‍, പേമാ ഖണ്ഡു പിന്നീട് ഈ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ഹിന്ദി തര്‍ജ്ജമ ചെയ്തതില്‍ വന്ന പിശക് ആണ് ഇതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

Top