കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറസിലൂടെ കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നത്. വിമാനസര്‍വ്വീസ് തുടങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും. അതേ സമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലെത്തി. 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ പത്തുദിവസത്തിലാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം പതിനായിരത്തില്‍ നിന്ന് ഇരുപതിനായിരം കടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ശരാശരി 1500 വീതം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും ലോകത്തെ ആകെ കൊവിഡ് രോഗികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്. കൊവിഡ് പ്രതിരോധം മാസങ്ങള്‍ നീണ്ടുനില്‍ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്‍കുന്നത്.

Top