കൊറോണ വൈറസ്‌ ഗൗരവത്തോടെ കാണണം, നടപടി വേണം; കേന്ദ്രത്തിന് മുഖ്യന്റെ കത്ത്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ മലയാളി നഴ്‌സിന് വൈറസ് ബാധ ഉണ്ടെന്ന സ്ഥിരീകരണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

അസിര് അബാ അല് ഹയാത്ത് ആശുപത്രിയിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഫിലീപ്പീന്‍ സ്വദേശിനിയായ നഴ്‌സിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥരീകരിച്ചത്. തുടര്‍ന്ന് അമേരിക്കയിലും വൈറസ് പടരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Top