ലോകം അഭിമുഖീകരിക്കുന്ന രണ്ടു വലിയ ആക്രമണങ്ങളാണ് കോവിഡും തെറ്റായ വിവരങ്ങളും

ന്യൂഡല്‍ഹി: കോവിഡും, തെറ്റായ വിവരങ്ങളുടെ വ്യാപനവും ലോകം അഭിമുഖീകരിക്കുന്ന രണ്ടു വലിയ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍.

മഹാമാരി രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് നാം വീണ്ടും ഒരു പരിവര്‍ത്തന ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഒരു മഹാമാരി നമ്മുടെ ആഗോളവത്കൃത സമ്പദ്ഘടനയെ താറുമാറാക്കി. നാലു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തതിന് പുറമേ നമ്മുടെ ജീവിതരീതിയെ, തൊഴിലിനെ, യാത്രകളെ, പരസ്പരമുള്ള ബന്ധത്തെ ബാധിച്ചു. ആരോഗ്യ പ്രതിസന്ധികളുടെയും തെറ്റായ വിവരങ്ങളുടെയും കാലഘട്ടമാണ് ഇത്. രണ്ടു വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള വഴി സമാനമാണ്. ശാസ്ത്രീയമായ സമീപനങ്ങളിലുള്ള വിശ്വാസം ശക്തിപ്പെടുത്തേണ്ടതുണ്ട്. ജയശങ്കര്‍ പറഞ്ഞു.

രാഷ്ട്രീയം മാറ്റിവെച്ച് കോവിഡ് 19-ന്റെ കാരണങ്ങള്‍, നയിക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്നിവ വിശകലനം ചെയ്യുകയാണു വേണ്ടത്. ഭാവിയില്‍ ഇത്തരമൊരു മഹാമാരിയെ നേരിടുന്നതിന് ബഹുരാഷ്ട്ര ആരോഗ്യസംവിധാനങ്ങളില്‍ എന്തു മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് അവലോകനം ചെയ്യണം. ഈ വസ്തുതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന അംഗീകരിച്ച പ്രമേയം വസ്തുതകളും ശാസ്ത്രവും ഉപയോഗിച്ച് കോവിഡ് 19-നോടുള്ള നമ്മുടെ പ്രതികരണം വിലയിരുത്തുന്നതിനുള്ള ഒരു അവസരമാണ്. ഭാവിയിലെ തയ്യാറെടുപ്പുകള്‍ക്കായി ആ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ ചെയര്‍മാനെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

Top