ലോകത്തിന് കൊറോണ നല്‍കിയ വുഹാന്‍ സാധാരണ നിലയിലേക്ക്; പുതിയത് ഒരു കേസ്!

ലോകം അടിയന്തരാവസ്ഥയിലാണ്. അതിര്‍ത്തികള്‍ അടച്ചും, ജനങ്ങളെ വീട്ടിലിരുത്തിയും, വിലക്കുകള്‍ ഏര്‍പ്പെടുത്തിയും വിവിധ രാജ്യങ്ങള്‍ വൈറസിനെ നിയന്ത്രിക്കാനുള്ള നെട്ടോട്ടത്തിലാണ്. രോഗികളുടെ എണ്ണമേറിയതോടെ മാസ്‌കുകളും, വെന്റിലേറ്ററും വരെ അന്വേഷിച്ച് സഹായം തേടുകയാണ് അധികൃതര്‍.

വിവിധ ആഗോള വിപണികള്‍ തകരുന്ന കാഴ്ച സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈന ഇതില്‍ നിന്ന് മോചനം നേടുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കരകയറാന്‍ പാടുപെടുകയാണ്. സ്‌പെയിനിലാണ് ലോകത്തില്‍ ഇപ്പോള്‍ നാലാമത്തെ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ഡിസംബറില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് നഗരമായ വുഹാനില്‍ ചൊവ്വാഴ്ച ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തില്‍ 181,000 രോഗികളെ വൈറസ് സൃഷ്ടിച്ച ഘട്ടത്തില്‍ മാഡ്രിഡിലെ ആശുപത്രികള്‍ പ്രതിസന്ധിയിലാണ്. സ്‌പെയിനേക്കാള്‍ കൂടുതല്‍ ഇന്‍ഫെക്ഷനുകള്‍ ചൈന, ഇറ്റലി, ഇറാന്‍ എന്നിവര്‍ക്ക് മാത്രമാണുള്ളത്. സ്ഥിതി ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ ടെലിവിഷന്‍ അഭിസംബോധനയില്‍ വ്യക്തമാക്കി. 1973ന് ശേഷം ആദ്യമായാണ് ഒരു ഡച്ച് പ്രധാനമന്ത്രി ഇത്തരമൊരു അഭിസംബോധനയുമായി ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്.

നെതര്‍ലാന്‍ഡ്‌സിലെ 17 മില്ല്യണ്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് രോഗം പിടിപെടുമെന്നാണ് റൂട്ടെ മുന്നറിയിപ്പ് നല്‍കുന്നത്. 24 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. വെന്റിലേറ്ററുകളുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ ടാറ്റയുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിക്ക് പുറമെ ഫോര്‍ഡ്, റോള്‍സ് റോയ്‌സ് എന്നിവരുടെ സഹായം തേടിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

പുതിയ കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും അധ്വാനിച്ച് നേടിയ ഈ അവസ്ഥ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ചൈനയും, സൗത്ത് കൊറിയയും. അതുകൊണ്ട് തന്നെ വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്.

Top