കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം; ഐക്യദീപം തെളിയിച്ച് ജനത

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ വിളക്കേന്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഇന്ത്യന്‍ ജനത. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വിളക്കുകള്‍ അണച്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളക്കു കൊളുത്തി. സാധാരണക്കാര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കുകയും ചെയ്തിരുന്നു.

രാത്രി 9 മണിക്ക് എല്ലാവരും ഒമ്പതു മിനിറ്റ് അവരുടെ വീടിന്റെ ലൈറ്റുകള്‍ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോര്‍ച്ച്, മൊബൈല്‍ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ലോക്ക് ഡൗണ്‍ മൂലം ഒരാഴ്ച കാലത്തിലേറെയായി രാജ്യത്തെ ജനങ്ങള്‍ വീടുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് മാനസികമായി ഊര്‍ജം നല്‍കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാനായുമായി ഒരു ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

Top