കശ്മീരിലേക്ക് പാക്കിസ്ഥാന്‍ കൊവിഡ് ബാധിതരെ തളളി വിടുന്നു; ജമ്മുകാശ്മീര്‍ ഡി.ജി.പി

ശ്രീനഗര്‍: പാക്കിസ്ഥാന്‍ കൊവിഡ് 19 ബാധിച്ചവരെ കശ്മീരിലേക്ക് തള്ളി വിടുന്നു എന്ന ആരോപണവുമായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ കശ്മീരിലേക്ക് അയക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ആയുധങ്ങളുമായി ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അവര്‍ കൊവിഡ് വൈറസ് ബാധിതരെയും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നു. കാശ്മീരിലെ ജനങ്ങളെ രോഗബാധിതര്‍ ആക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍ ആര്‍ ബട്‌നഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കശ്മീരിലെ കൊവിഡ് സ്ഥിതിയിയെ കുറിച്ചുള്ള അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമാകെ കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. എന്നാല്‍, കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളെ തടസപ്പെടുത്താന്‍ തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുകയാണ് പാകിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.

ഈ ആരോഗ്യ പ്രതിസന്ധി ഘട്ടത്തിലും മേഖലയില്‍ സമാധാനവും ക്രമസമാധാനവും പുലരാന്‍ നമ്മുടെ സേനകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ലോഞ്ചിംഗ് പാഡുകളിലെ തീവ്രവാദികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായതായും ദില്‍ബാഗ് സിംഗ് അവകാശപ്പെട്ടു.

പാകിസ്ഥാനില്‍ നിന്നെത്തുന്ന ഭീകരര്‍ ഒളിവില്‍ കഴിയുകയോ സന്ദര്‍ശിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ കൊവിഡ് 19 വ്യാപനത്തിനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദില്‍ബാഗ് സിംഗ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Top