സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന, മഹാരാഷ്ട്ര

മുംബൈ: കൊവിഡ് 19 ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും മാസശമ്പളം വെട്ടിക്കുറച്ച് തെലങ്കാന, മഹാരാഷ്ട്ര സര്‍ക്കാരുകള്‍. തെലങ്കാനയില്‍ പരമാവധി 75 ശതമാനം വരെയും മഹാരാഷ്ട്രയില്‍ 60 ശതമാനം വരെയുമാണ് ശമ്പളം വെട്ടികുറച്ചത്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, എന്നിവരുടെയെല്ലാം ശമ്പളം 75 ശതമാനം വരെ വെട്ടികുറയ്ക്കാനാണ് തെലങ്കാന സര്‍ക്കാറിന്റെ തീരുമാനം.

ഐഎഎസ്, ഐപിഎസ്, ഐഎഫ് എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് കുറവ് വരുത്തിയിട്ടുള്ളത്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും ക്ലാസ് ഫോര്‍ ജീവനക്കാരുടെയും ശമ്പളത്തില്‍ പത്ത് ശതമാനം കുറവുണ്ട്. വിരമിച്ചവര്‍ക്ക് അമ്പത് ശതമാനം പെന്‍ഷന്‍ മാത്രമേ ഇനി ലഭിക്കൂ.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനായി പ്രഗതി ഭവനില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതല്‍ ഗ്രാമ പഞ്ചായത്ത് മെംമ്പര്‍ വരെയുള്ള ജനപ്രതിനിധികളുടെ മാര്‍ച്ച് മാസത്തെ ശമ്പളം 60 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം വെട്ടിച്ചുരുക്കും. ക്ലാസ് മൂന്ന് വിഭാഗക്കാരുടെ 25 ശതമാനം ശമ്പളമാണ് കുറയ്ക്കുക. ഇതിന് താഴേക്കുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റമുണ്ടാകില്ല.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും വിവിധ യൂണിയനുകളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നാണ് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞത്.

Top