അജ്ഞാത രോഗം, യുകെയില്‍ കുട്ടികള്‍ ആശുപത്രിയില്‍; ആശങ്കയോടെ വൈദ്യലോകം

ലണ്ടന്‍: കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളുമായി യുകെയില്‍ കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. ശക്തമായ പനിയോടൊപ്പം കഠിനമായി വയറുവേദയനും ഹൃദയ പ്രശ്‌നങ്ങളും കുട്ടികളില്‍ കാണപ്പെടുന്നതായാണ് വിവരം. ഇവരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളില്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന അപൂര്‍വവും ഗുരുതരവുമായി രോഗത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നാഷനല്‍ ഹെല്‍ത്ത് സെക്യൂരിറ്റി (എന്‍എച്ച്എസ്) മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി വിദഗ്ധരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതെന്നു കൃത്യമായി അറിവില്ല. ഇതു സംബന്ധിച്ച് യുകെയിലെ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് എന്‍എച്ച്എസ് അയച്ച കരുതല്‍ സന്ദേശത്തില്‍ ലണ്ടനിലെയും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗത്തില്‍ അസാധാരണ രോഗലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസിനു സമാനമായതോ അല്ലെങ്കില്‍ മറ്റേതെങ്കിലും പുതിയ പകര്‍ച്ചവ്യാധിയോ രാജ്യത്ത് ഉടലെടുക്കുന്നുവെന്നാണു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ രോഗം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങളുള്ള കുട്ടികളെ അടിയന്തരമായി പരിഗണിക്കണമെന്നാണു നിര്‍ദേശം. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളാണ് അസുഖബാധിതരാകുന്നത്. സമാനമായ രോഗലക്ഷണങ്ങളോടൊപ്പം അഞ്ചു വയസ്സിനു താഴെയുള്ള ചില കുട്ടികള്‍ക്കു രക്തക്കുഴലുകളെ മാരകമായി ബാധിക്കുന്ന കവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും ചിലരില്‍ ഉയര്‍ന്ന താപനില, കുറഞ്ഞ രക്തസമ്മര്‍ദം, ശ്വാസ തടസ്സം എന്നിവയും കാണപ്പെടുന്നു. നിലവില്‍ ഇരുപതില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് എന്‍എച്ച്എസ് അറിയിച്ചത്. കുട്ടികളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Top