രണ്ടരമണിക്കൂറിനുള്ളില്‍ കൊവിഡ് ഫലം അറിയാം;പുതിയ പരിശോധനാരീതിയുമായി ബോഷ്

ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് വേഗതയേറിയ പരിശോധനാ സംവിധാനവുമായി ജര്‍മന്‍ കമ്പനിയായ റോബര്‍ട്ട് ബോഷ് ജിഎംബിഎച്ച്. 2.5 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന പരിശോധനാരീതി വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുന്നു.

ബോഷിന്റെ വൈദ്യശാസ്ത്ര ഗവേഷണ വിഭാഗം വികസിപ്പിച്ചതാണ് ഈ ഉപകരണം. ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ എന്നിവയുള്‍പ്പെടെയുള്ള ബാക്ടീരിയ, വൈറല്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ ഹോസ്പിറ്റലുകളിലും ലബോറട്ടറികളിലും ഈ ഉപകരണം ഇതിനകം ഉപയോഗിച്ച് കഴിഞ്ഞു.

ഇത് കൊറോണ വൈറസിനെ തിരിച്ചറിയാനും ഉപയോഗിക്കാനാവുംവിധം രൂപകല്‍പന ചെയ്താണ് പുറത്തിറക്കുക. ഏപ്രില്‍ മുതല്‍ ജര്‍മനിയിലും അന്താരാഷ്ട്ര വിപണിയിലും എത്തിക്കാനാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.

കോവിഡ് ബാധ പരിശോധനയിലൂടെ സ്ഥിരീകരിക്കുക എന്നത് അതിന്റെ വ്യാപനത്തെ തടയുന്നതിനുള്ള പ്രധാന ഘടകമാണ്. നിലവില്‍ കൂടുതല്‍ വേഗത്തില്‍ ഫലം അറിയാനാകുന്ന പരിശോധനാ രീതികള്‍ നിലവിലുള്ള ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപന നിരക്ക് കുറവാണ്. അതേസമയം ഇറ്റലിയുടെയും യുഎസിന്റെയും ഭാഗങ്ങളില്‍ പരിശോധനയുടെ അഭാവം രോഗത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. കൂടാതെ പരിശോധനയില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരും വിലകൂടിയ പരിശോധനാ കിറ്റും വേണം. പലപ്പോഴും ഇവയ്ക്ക് ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്.

Top