ഹോം ഐസലേഷന്‍ കഴിഞ്ഞാല്‍ പരിശോധന ആവശ്യമില്ല; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഐസലേഷനില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളാണു കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഞായറാഴ്ചയാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിട്ടത്.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

1.നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കേസാവണം ഇത്.

2.ഐസൊലേഷനില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ വീട്ടിലുണ്ടാവണം.

3.24 മണിക്കൂറും ഐസൊലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാള്‍ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവര്‍ത്തകരുും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഐസൊലേഷന്‍ കഴിയുന്ന മുഴുവന്‍ കാലയളവിലും പാലിക്കണം.

4.സഹായിയും സമ്പര്‍ക്കത്തില്‍ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗിക്കണം.

5.ഇവര്‍ ആരോഗ്യ സേതു ആപ് ഫോണില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം

6.രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സര്‍വയലന്‍സ് ഓഫിസറെ അറിയിക്കണം.

7.ഐസൊലേഷനിലുള്ള ആള്‍ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം.

8.രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈന്‍ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസലേഷനില്‍ കഴിയുന്ന ആള്‍ക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസലേഷന്‍ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്.

രോഗിയെ പരിചരിക്കുന്നയാള്‍ ഉപയോഗിക്കേണ്ട സുരക്ഷാ കവചങ്ങളെ കുറിച്ച് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. മൂന്ന് ലെയറുള്ള മാസ്‌കാണ് രോഗിയും പരിചരിക്കുന്നയാളും ധരിക്കേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമേ മാസ്‌ക് ഉപേക്ഷിക്കാവൂ.

Top