കൊറോണയെ പൂര്‍ണമായും തുടച്ച് നീക്കുക സാധ്യമല്ല; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: പുതിയ കൊറോണ വൈറസിനെ പൂര്‍ണമായും തുടച്ചു നീക്കുക അസാധ്യമാണെന്നും അതിനൊപ്പം ജീവിക്കാന്‍ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പല രാജ്യങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ അറിയിപ്പ്.

കൊറോണ വൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. എച്ച്ഐവിയേയും മറ്റുള്ള വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ തന്നെ നിലനില്‍ക്കും.എച്ച്ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണ വൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.

പുതിയ വൈറസ് ആദ്യമായാണ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ എത്രകാലം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിയുമെന്നു പ്രവചിക്കാനാവില്ല.ലോകത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം താത്കാലിക പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് പലരാജ്യങ്ങളും സാധാരണനിലയിലേക്ക് മടങ്ങിയെത്താനാരംഭിച്ചു കഴിഞ്ഞു.

ആഗോളതലത്തില്‍ 42.9 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 2,90,000 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കോവിഡിനെ പ്രതിരോധിക്കാന്‍ പ്രബലമായ മാര്‍ഗങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം ലോകം നേരിടുന്ന കടുത്ത ഭീഷണിയ്ക്കെതിരെ പ്രത്യേക അദ്ഭുതമൊന്നും നടക്കാനിടയില്ലെന്നും ഡോ. റയാന്‍ പറഞ്ഞു. ഒരു വാക്സിന്‍ കണ്ടെത്തി വൈറസിനെ മറികടക്കുകയെന്നതാണ് ലോകത്തിനു മുന്നിലുള്ള ഏക പോംവഴിയെന്നും ഡോ. റയാന്‍ കൂട്ടിച്ചേര്‍ത്തു.

വൈറസിനെ പൂര്‍ണമായി നീക്കം ചെയ്യാമെന്നത് മിഥ്യാധാരണയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

Top