ലോക് ഡൗണ്‍; കോവിഡ് ബാധിത പ്രദേശങ്ങളെ മൂന്ന് സോണുകളായി തിരിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം നിലവില്‍ 21 ദിവസത്തെ ലോക്ഡൗണിലാണ്. മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്ക് ഡൗണ്‍ ഒരുതരത്തില്‍ രാജ്യത്ത് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ലോക് ഡൗണിന്റെ രണ്ടാം ഘട്ടത്തില്‍ ചില മേഖലകളില്‍ ഇളവ് വരുത്തും എന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ലോക്ക്ഡൗണ്‍ കാലയളവിലെ പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് കോവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചുവപ്പ് , ഓറഞ്ച്, പച്ച എന്നീ മേഖലകളായി തിരിക്കാനാണ് തീരുമാനം.

റെഡ് സോണ്‍ കോവിഡ്19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെയാണ് റെഡ് സോണായി തരംതിരിക്കുക. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങളാണിവ.

ഓറഞ്ച് സോണ്‍: കോവിഡ്19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. പൊതുഗതാഗതം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അനുവദിക്കും.

ഗ്രീന്‍ സോണ്‍: കോവിഡ് 19 ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങള്‍ ഗ്രീന്‍ സോണായിരിക്കും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.

Top