ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തണം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ്സ് എംപി രാഹുല്‍ ഗാന്ധി.വീഡിയോ പ്രസ് കോണ്‍ഫറന്‍സിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്.

”ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികള്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.” രാഹുല്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ തുടരാനാവില്ലെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒരു പാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.സ്വിച്ച് ഇടുന്നതും നിർത്തുന്നതും പോലയല്ല കാര്യങ്ങളെന്ന് സര്‍ക്കാരും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. ഇതിന് സർക്കാരും സംസ്ഥാനങ്ങളും തമ്മിലും സർക്കാരും ജനങ്ങളും തമ്മിലും ഏകോപനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ മേയ് 17നാണ് അവസാനിക്കുക.

Top