രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറഞ്ഞത് പരിശോധനയ്ക്ക് വേഗമില്ലാത്തതിനാലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്19 രോഗ ബാധിതര്‍ കുറഞ്ഞ് നില്‍ക്കുന്നത് പ്രതിരോധ നടപടികളുടെ മികവോ അല്ലെങ്കില്‍ പരിശോധനക്ക് വേഗമില്ലാത്തതോ ആവാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ ഒരു ലക്ഷം പേരുടെ കാര്യമെടുത്താല്‍ പരിശോധന നടക്കുന്നത് 18 പേര്‍ക്ക് മാത്രം. അതിനുള്ള സജ്ജീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഉള്ളത്. ഈ പരിമിതമായ പരിശോധനകൊണ്ടു മാത്രമാണ് കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞുനില്‍ക്കുന്നതെന്നും യഥാര്‍ഥ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതായിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 25 വരെ ഇന്ത്യയില്‍ നടന്നത് 25,144 പരിശോധനകളാണ്. ഇന്ത്യയുമായി തട്ടിച്ചു നോക്കിയാല്‍ അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധന നിരക്ക് കൂടുതലാണ്. 3.25 ലക്ഷം പരിശോധനകളില്‍ നിന്നാണ് ഇറ്റലി 75,000 കോവിഡ് ബാധിതരെ തിരിച്ചറിഞ്ഞത്. 10 ലക്ഷം ജനങ്ങള്‍ക്കിടയില്‍ 5268 എന്ന കണക്കില്‍ പരിശോധന നടന്നു. യു.കെയില്‍ 10 ലക്ഷം പേര്‍ക്കിടയില്‍ 1469 എന്ന നിരക്കില്‍ പരിശോധന നടന്നു.ഇന്ത്യയില്‍തന്നെ പല സംസ്ഥാനങ്ങളിലെയും പരിശോധന സൗകര്യങ്ങള്‍ വ്യത്യസ്തമാണ്.

കൂടുതല്‍ പരിശോധന നടന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയെന്നാണ് കാണാന്‍ കഴിയുന്നത്. കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനും പരിശോധിക്കാനും ചികിത്സിക്കാനും ഗതിവേഗം ഉണ്ടാവുകയാണ് വേണ്ടതെന്നും ലോക്ഡൗണ്‍ മാത്രംകൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, സ്രവ പരിശോധനക്ക് സ്വകാര്യ മേഖലക്ക് അനുമതി കൊടുക്കുന്നതില്‍ സ്വജന പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പരിശോധനക്ക് അനുമതി ലഭിച്ച പലതും സ്റ്റാര്‍ ആശുപത്രികളും ലാബുകളുമാണ്. പരിശോധന കിറ്റ് ലഭ്യമാക്കാന്‍ അമേരിക്കന്‍ ബന്ധമുള്ള അഹ്മദാബാദിലെ ഒരു സ്ഥാപനത്തിനു മാത്രം അനുമതി നല്‍കിയതും ആക്ഷേപമുയര്‍ത്തി. കുറഞ്ഞ വിലക്ക് കിറ്റ് ലഭ്യമാക്കാമെന്ന് അറിയിച്ച 18 സ്ഥാപനങ്ങളെ പിന്തള്ളി ഗുജറാത്തിലെ സ്ഥാപനത്തിന് അംഗീകാരം നല്‍കിയ നടപടി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്ന് മാധ്യമ പ്രവര്‍ത്തകനായ സാകേത് ഗോഖലെ കുറ്റപ്പെടുത്തിയിരുന്നു.

Top