പ്രേതനഗരമായി വുഹാന്‍; ആളുകള്‍ തെരുവില്‍ കുഴഞ്ഞുവീഴുന്നു, മരിക്കുന്നു!

പകടകാരിയായ കൊറോണാവൈറസിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വുഹാനിലെ പ്രദേശവാസികള്‍ തെരുവിലും, ആശുപത്രികളിലും കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഭയം പരത്തുന്നത്. വുഹാനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗം പടരുന്നതിനിടെയാണ് പ്രദേശവാസികള്‍ കുഴഞ്ഞുവീഴുന്ന കാഴ്ച പുറത്തുവന്നത്.

തെരുവിലും, ആശുപത്രിയില്‍ കാത്തിരിക്കുമ്പോഴും ആളുകള്‍ നിലത്ത് വീണുകിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചുരുങ്ങിയത് 26 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. സുരക്ഷാ സ്യൂട്ടുകള്‍ അണിഞ്ഞ മെഡിക്കല്‍ ടീം രോഗികളെ സഹായിക്കാന്‍ ശ്രമിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ആശുപത്രികളില്‍ കാത്തിരിക്കുന്നവരും ബോധം നഷ്ടപ്പെട്ട് കുഴഞ്ഞ് വീഴുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. ഒരാള്‍ വഴിയില്‍ വീണ് മരിച്ചതായും പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ സമ്പൂര്‍ണ്ണ യാത്രാനിരോധനം നിലനില്‍ക്കുകയാണ്. തിരക്കേറിയ സ്ഥലങ്ങളില്‍ പോകരുതെന്നും, പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശം വന്നതോടെ നഗരം തിരക്കൊഴിഞ്ഞ് അനാഥമായ അവസ്ഥയിലാണ്.

അങ്കലാപ്പിലായ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. യാത്രാ സംവിധാനങ്ങളും നിലവില്‍ ലഭ്യമല്ല. രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കൊറോണാവൈറസ് ബാധിച്ചവര്‍ക്കായി ആയിരം പുതിയ കിടക്കകള്‍ വുഹാന്‍ അധികൃതര്‍ തയ്യാറാക്കി.

Top