ഏത് കൊറോണ വന്നാലും കുത്തിയിരുപ്പ് നിര്‍ത്തില്ല; ‘ഷഹീന്‍ ബാഗ്’ വാശിയില്‍

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസില്‍ 50 സ്ത്രീകള്‍ നടത്തുന്ന അനിശ്ചിത കുത്തിയിരുപ്പ് സമരം ജനതാ കര്‍ഫ്യൂ ദിനത്തിലും തുടരുമെന്ന് സംഘാടകര്‍. ഡല്‍ഹി ഷഹീന്‍ ബാഗിന് സമാനമായി പ്രതിഷേധം സംഘടിപ്പിക്കുന്ന ഇവര്‍ കൊറോണാവൈറസിനെ അകറ്റാന്‍ സാനിറ്റൈസര്‍, മാസ്‌ക്, പ്രവര്‍ത്തകര്‍ തമ്മില്‍ അകലം എന്നിവ പാലിക്കുന്നതിനൊപ്പം ജനക്കൂട്ടത്തെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് സംഘാടകരുടെ വക്താവ് അറിയിച്ചത്.

വിവേചനം കാണിക്കുന്ന പുതിയ പൗരത്വ നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നീക്കം നടക്കുമ്പോള്‍ മാത്രമാണ് പ്രതിഷേധം പിന്‍വലിക്കുകയെന്ന് ഇവര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തുന്ന കാര്യം ചിന്തിച്ചെങ്കിലും പിന്നീട് ഇതുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ജനക്കൂട്ടം ഒത്തുകൂടുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

അതേസമയം രാജ്യത്തെ രക്ഷിക്കുകയെന്നതാണ് എല്ലാ പൗരന്‍മാരും ആദ്യം മനസ്സിലാക്കേണ്ട വിഷയമെന്ന് ഇതേക്കുറിച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പ്രതികരിച്ചു. രാജ്യം നിലനിന്നാല്‍ മാത്രമാണ് നമ്മള്‍ എല്ലാവരും നിലനില്‍ക്കുകയെന്ന കാര്യം ഈ ആളുകള്‍ മറക്കരുത്. കൊറോണാവൈറസ് പ്രതിസന്ധി മറികടക്കുകയെന്നാണ് ഇപ്പോഴത്തെ സുപ്രധാന ദൗത്യം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഇക്കാര്യത്തില്‍ പാലിക്കുകയാണ് ആവശ്യം, അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ തൃണമൂല്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.

Top