ഓരോ 10 മിനിറ്റിലും ഒരു മരണം; കൊറോണാ ദുരന്തഭൂമിയായി ഇറാന്‍

രോ പത്ത് മിനിറ്റിലും ഓരോ ജീവനുകള്‍ കവര്‍ന്ന് കൊറോണാവൈറസ് മുന്നേറുന്നതായി വെളിപ്പെടുത്തി ഇറാന്‍. പകര്‍ച്ചവ്യാധിയുടെ യാഥാര്‍ത്ഥ്യം മുന്‍പ് പറഞ്ഞതിലും ഭീകരമാണെന്ന് വ്യക്തമാക്കിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 1433 മരണങ്ങളും, 19640 പോസിറ്റീവ് കേസുകളുമായി മിഡില്‍ ഈസ്റ്റ് മേഖലയിലെ ദുരന്ത ഭൂമിയായി ഇറാന്‍ മാറുകയാണ്.

‘ഞങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം പത്ത് മിനിറ്റില്‍ ഒരു വ്യക്തി വീതം മരിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ഇറാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം അന്‍പതാണ്’, ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹന്‍പൂര്‍ വ്യക്തമാക്കി. ആദ്യമായാണ് മുന്‍പ് നടത്തിയ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്തെ യഥാര്‍ത്ഥ സ്ഥിതിയെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

‘മരണസംഖ്യ ഇതിലും ഉയര്‍ന്നതാകും, പല രോഗികളുടെയും പരിശോധനാ ഫലങ്ങള്‍ തെറ്റാകാനും ഇടയുണ്ട്. ചിലര്‍ മരിച്ചത് കൊറോണാവൈറസ് മൂലമാണോയെന്ന് പോലും വ്യക്തമല്ല. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളില്‍ പിഴവുകള്‍ക്കും സാധ്യതയുണ്ട്’, പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതിനിധി അലി റാബിയേയ് പറഞ്ഞു. അതേസമയം യഥാര്‍ത്ഥ മരണസംഖ്യ കൂടുതല്‍ ഗുരുതരമാകുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍ വ്യക്തമാക്കുന്നു. 7000 പേരെങ്കിലും വൈറസ് ബാധിച്ച് മരിച്ചിരിക്കാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

സ്‌കൂളും, യൂണിവേഴ്‌സിറ്റികളും അടച്ചിട്ട് കായിക, സാംസ്‌കാരിക, മത പരിപാടികള്‍ റദ്ദാക്കി വൈറസിനെ പിടിച്ചുകെട്ടാനാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഷിയാ ആരാധനാലയങ്ങള്‍ ആദ്യ ഘട്ടത്തില്‍ അടച്ചിടാന്‍ ശക്തരായ മതപുരോഹിതന്‍മാര്‍ തയ്യാറായിരുന്നില്ല. പക്ഷെ സ്ഥിതിഗതികള്‍ കൈവിട്ട് പോയതോടെ ഇവയും അടച്ചുപൂട്ടാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

Top