ആശ്വാസം ; ഇറ്റലിയില്‍ മരണ നിരക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും താഴ്ന്നു

കൊറോണാവൈറസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മരണസംഖ്യ താഴ്ന്നതായി തെളിയിച്ച് കണക്കുകള്‍. ഇതോടെ വൈറസിനെതിരായ ഇറ്റലിയുടെ പോരാട്ടം ഫലം കണ്ടുതുടങ്ങിയെന്നാണ് പ്രതീക്ഷ ഉയരുന്നത്. 602 പുതിയ ഇരകളെ ഇന്‍ഫെക്ഷന്‍ കീഴടക്കിയെങ്കിലും മരണസംഖ്യ കുറഞ്ഞതോടെ രാജ്യത്തെ ലോക്ക്ഡൗണ്‍ ഫലം കാണുന്നതിന്റെ സൂചനയായി മാറുകയാണ്.

ലോകത്തില്‍ കൊറോണാവൈറസ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിച്ച രാജ്യമാണ് ഇപ്പോള്‍ ഇറ്റലി. 6078 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 60,000ല്‍ ഏറെയാണ്. മരണസംഖ്യയിലും, പുതിയ ഇന്‍ഫെക്ഷനുകളുടെ കാര്യത്തിലും ശനിയാഴ്ച മുതല്‍ ഞായറാഴ്ച രാത്രി വരെ നേരിട്ട കുറവ് കാര്യങ്ങള്‍ നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കുന്നു. രാജ്യം മുഴുവന്‍ അടച്ചുപൂട്ടി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്.

രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം നേരത്തെയുള്ള 59,138ല്‍ നിന്നും 63,927ലേക്ക് ഉയര്‍ന്നു. 8 ശതമാനം വളര്‍ച്ചയാണ് കണക്കുകളില്‍ സംഭവിച്ചത്. ഫെബ്രുവരി മധ്യത്തില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത് മുതലുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. ശനിയാഴ്ച 793 പേര്‍ മരിച്ച സ്ഥാനത്ത്, ഞായറാഴ്ച 651 ആയും, തിങ്കളാഴ്ച 602 പേരായും കുറഞ്ഞു. മാസത്തിന്റെ തുടക്കത്തില്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ ഫലം കണ്ടതെന്ന് വിവരങ്ങള്‍ വ്യക്തമാക്കവെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ സില്‍വിയോ ബ്രുസാഫെറോ പറഞ്ഞു.

സ്ഥിതി മെച്ചപ്പെടുന്നതായി ഉറപ്പിക്കാന്‍ കൂടുതല്‍ ദിവസങ്ങളില്‍ ഈ താഴ്ച കാണണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കാര്യങ്ങള്‍ അനുകൂലമായി മാറുന്നുണ്ടെന്നും സില്‍വിയോ കൂട്ടിച്ചേര്‍ത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍ 5560 ആയി കുറഞ്ഞു. വെള്ളി മുതല്‍ ശനി വരെ 6557 ആയിരുന്നിടത്ത് നിന്നാണ് ഈ കുറവ്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും മരണസംഖ്യ ഇരട്ടിയാകുന്ന ട്രെന്‍ഡില്‍ നിന്നാണ് ലോക്ക്ഡൗണിന്റെ സഹായത്തോടെ വൈറസിന്റെ മുന്നേറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്ന കണക്കുകള്‍ ഇറ്റലി പുറത്തുവിടുന്നത്.

Top