ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 49 പേര്‍

റോം: കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 49 പേര്‍. ഇതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ ഏറുകയാണ്. ഇറ്റലിയില്‍ ഒരാഴ്ചയ്ക്കിടെ 4600 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

ചൈനയില്‍ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്.

ഇതിനിടെ വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ 80 വയസ്സുകാരന്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 8.3 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പിട്ടു.

Top