രാജ്യത്ത് കോവിഡ് ബാധിതര്‍ 5000 കടന്നു; 24 മണിക്കൂറിനിടെ 35 മരണം, ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. 5194 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 773 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡില്‍ ജീവന്‍ നഷ്ടമായത് 149 പേര്‍ക്കാണ്. ഇതില്‍ 35 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്.കോവിഡ് മരണത്തില്‍ രാജ്യത്ത് ഒരുദിവസമുണ്ടായ ഏറ്റവും വലിയ കുതിപ്പാണിത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.1018 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാമത് തമിഴ്‌നാടാണ്. ഇവിടെ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തമിഴ്‌നാട്ടില്‍ ഇതിനകം കൊവിഡ് ബാധിച്ച് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം മരണത്തില്‍ രണ്ടാമത് ഗുജറാത്താണ്. 165 പേര്‍ക്ക് മാത്രം രോഗംസ്ഥിരീകരിച്ചിട്ടുള്ള ഗുജറാത്തില്‍ ഇതിനോടകം 13 പേര്‍ മരിച്ചിട്ടുണ്ട്. 25 പേരാണ് രോഗ മുക്തി നേടിയത്.

ഡല്‍ഹിയില്‍ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്തു. 21 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ ആശുപത്രി വിട്ടു.രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍-364 പേര്‍ക്കും രാജസ്ഥാന്‍-328 പേര്‍ക്കും യുപി-326 പേര്‍ക്കും മധ്യപ്രദേശ്-229 പേര്‍ക്കും , കര്‍ണാടക 175 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ രോഗബാധിതരും മരണസംഖ്യയും ഉയരുന്നത് കൂടുതല്‍ ആശങ്കയാണ് ഉളവാക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകാത്ത നിലക്ക് ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഉത്തര്‍പ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top