മെഡിക്കൽ കോളജിൽ നിന്ന്​ ചാടിപ്പോയ കോവിഡ്​ രോഗി ആത്മഹത്യക്ക്​ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങി മരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്നലെയാണ് കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തമിഴ്‌നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

Top