കൊറോണ ലോക്ക്ഡൗണിന് ഇന്ത്യ നല്‍കുന്നത് ‘വലിയ വില’; നഷ്ടം 9 ലക്ഷം കോടി രൂപ?

കൊവിഡ്19 അടച്ചുപൂട്ടലിന് ഇന്ത്യ നല്‍കുന്നത് വലിയ വിലയാണെന്ന് സാമ്പത്തിക വിദഗ്ധര്‍. അടച്ചുപൂട്ടല്‍ മൂലം 120 ബില്ല്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 9 ലക്ഷം കോടി രൂപയാണ് ഇന്ത്യയ്ക്ക് നഷ്ടം സംഭവിക്കുന്നത്. ഇന്ത്യയുടെ ജിഡിപിയില്‍ 4% ആണ് ഈ നഷ്ടമെന്ന് തിരിച്ചറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി വ്യക്തമാകുക. ഈ ഘട്ടത്തില്‍ രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ സാമ്പത്തിക പാക്കേജ് അനിവാര്യമായി മാറിയിരിക്കുകയാണ്.

ഏപ്രില്‍ 3ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ദ്വിമാസ പോളിസി റിവ്യൂ പ്രഖ്യാപിക്കുന്നുണ്ട്. പലിശ നിരക്കുകള്‍ വെട്ടിച്ചുരുക്കുന്നതിന് പുറമെ ധനക്കമ്മി സംബന്ധിച്ച ലക്ഷ്യങ്ങളും മാറ്റിവെയ്‌ക്കേണ്ടി വരുമെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്. രാജ്യത്ത് കൊറോണാവൈറസ് പടരുന്നത് തടയാന്‍ മൂന്നാഴ്ചത്തെ അടച്ചുപൂട്ടലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ വ്യാപാര മേഖലയിലും ചുവപ്പ് സിഗ്‌നലാണ് കാണുന്നത്.

അടച്ചുപൂട്ടല്‍ മൂലം രാജ്യത്തിന് നഷ്ടമാകുന്നത് ഏകദേശം 120 ബില്ല്യണ്‍ യുഎസ് ഡോളറാണെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് ബാര്‍ക്ലെയിസ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ദേശീയ അടച്ചുപൂട്ടല്‍ 90 ബില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടം സൃഷ്ടിക്കുമ്പോള്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ നടപടികള്‍ നേരത്തെ പ്രഖ്യാപിച്ചത് ഇതിന് പുറമെ ചേരും.

ഏപ്രില്‍ റിവ്യൂയില്‍ ആര്‍ബിഐ 0.65 ശതമാനം നിരക്ക് കുറയ്ക്കുമെന്നും അവര്‍ പറയുന്നു. പലിശ നിരക്ക് വീണ്ടും 1 ശതമാനം കുറയ്ക്കുമെന്നാണ് കരുതുന്നത്. മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ നടപടികളെ ആഭ്യന്തര ബ്രോക്കറേജ് എംകെ പ്രശംസിച്ചു. അതേസമയം രാജ്യത്ത് സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതം കുറയ്ക്കാനുള്ള നടപടികളാണ് ഇനി ആവശ്യമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

ചെറുകിട ബിസിനസ്സുകള്‍ക്ക് സോഫ്റ്റ് ലോണുകള്‍, ലോണ്‍ പുനഃസംഘടിപ്പിക്കല്‍, പണം കൈമാറല്‍ തുടങ്ങിയ നടപടികളും സാമ്പത്തിക പാക്കേജില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥയെ സഹായിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തവെ സാമ്പത്തിക പാക്കേജ് തയ്യാറായി വരികയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

Top