അജ്ഞാത വൈറസ് കൂടുതല്‍ നഗരങ്ങളിലേക്ക് ! ഇന്ത്യ യാത്രമുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു

ബെയ്ജിങ്/ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് ബാധ കൂടുതല്‍ നഗരങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും ഷാങ്ഹായ്, ഷെന്‍ഷെന്‍ നഗരങ്ങളിലേയ്ക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.

വുഹാന്‍ നഗരത്തിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. തായ്ലാന്‍ഡില്‍ രണ്ടുകേസുകളും ജപ്പാനില്‍ ഒരുകേസും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.വെറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.

വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു

അതേസമയം ചൈനയിലെ അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ആ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ഫാമുകള്‍, മൃഗ ചന്തകള്‍, കശാപ്പുശാലകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കുന്നു.

സുഖമില്ലാത്തവരെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരുമായി പ്രത്യേകിച്ചും. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ എപ്പോഴും മുഖംമൂടി ധരിക്കണം. വൃത്തിയില്‍ ശ്രദ്ധിക്കുക, കൈ ഇടയ്ക്കിടെ സോപ്പിട്ടുകഴുകുക, ചുമക്കുന്‌പോഴും തുമ്മുമ്പോഴും മുഖംമറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Top