പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ചുമത്താന്‍ അധികാരം സര്‍ക്കാരിന്; ബില്ല് പാസാക്കി

petrol

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന്മേല്‍ എട്ടു രൂപ കൂടി എക്‌സൈസ് തീരുവ ചുമത്താന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി പാസാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകൂടാതെ പാര്‍ലമന്റെ് തിരക്കിട്ട് ധനബില്ലിലെ ഈ ഭേദഗതി പാസാക്കിയത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുപകരം പെട്രോളിനും ഡീസലിനും ലിറ്ററിന്മേല്‍ മൂന്നുരൂപ വീതം എക്‌സൈസ് തീരുവ കൂട്ടിയത് ഇക്കഴിഞ്ഞ 14നാണ്. ഇതുവഴി സമാഹരിക്കുന്നത് 59,000 കോടി രൂപയാണ്. നിയമഭേദഗതി വഴി ഉടനടി നികുതി കൂടുകയില്ല.

എക്‌സൈസ് തീരുവ ഏതു സമയത്തും ഉയര്‍ത്താനുള്ള നിയമപരമായ തടസ്സം നീക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇനിയും എണ്ണ വിലയിടിഞ്ഞാല്‍ അത് ഉപയോക്താക്കള്‍ക്ക് നല്‍കാതെ നികുതി കൂട്ടിക്കൊണ്ട് സര്‍ക്കാറിന്റെ വരുമാനം കൂട്ടാം. നിലവിലെ നിയമ പ്രകാരം പെട്രോളിന് ലിറ്ററിന്മേല്‍ 10 രൂപയില്‍ കൂടുതല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനാവില്ല. ഡീസലിന് നാലു രൂപയാണ് പരമാവധി എക്‌സൈസ് ഡ്യൂട്ടി. അടുത്തിടെ മൂന്നു രൂപ വര്‍ധിപ്പിച്ചതുവഴി ഈ പരിധിയിലെത്തി. ഇപ്പോള്‍ പെട്രോളിന് 10ഉം ഡീസലിന് നാലും രൂപ എക്‌സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. എട്ടാം ഷെഡ്യൂളില്‍ മാറ്റംവരുത്തുന്ന ധനബില്ലിലെ നിര്‍ദേശമനുസരിച്ച് പെട്രോളിന് 18 രൂപ വരെ എക്‌സൈസ് തീരുവ ഈടാക്കാം.

Top