ഓപ്പറേഷന്‍ ‘സഞ്ജീവനി’; മാലിദ്വീപിന് ഇന്ത്യയുടെ കൈത്താങ്ങ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ശ്രമിക്കുന്ന പോരാടുന്ന മാലിദ്വീപിലേയ്ക്ക് അവശ്യമരുന്നുകളും ആശുപത്രി ഉപഭോഗവസ്തുക്കളും അയച്ച് ഇന്ത്യന്‍ വ്യോമസേന.

ഓപ്പറേഷന്‍ ‘സഞ്ജീവനി’ യുടെ ഭാഗമായി വ്യോമസേനയുടെ ചരക്ക് വിമാനമായ സി-130 വിമാനത്തില്‍ 6.2 ടണ്‍ അവശ്യ മരുന്നുകളും ആശുപത്രി ഉപഭോഗവസ്തുക്കളുമാണ് ബുധനാഴ്ച വ്യോമസേന മാലദ്വീപ് തലസ്ഥാനമായ മെയിലിലേക്ക് അയച്ചത്.

ആരോഗ്യരക്ഷക്കുള്ള മരുന്നുകള്‍ അടക്കമുള്ളവ ഇന്ത്യയിലെ എട്ട് വിവിധ വിതരണക്കാരില്‍ നിന്നാണ് മാലദ്വീപ് വാങ്ങിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യ 21 ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ഇതേതുടര്‍ന്നാണ്
വ്യോമസേന സഹായവുമായെത്തിയത്.

ഇന്‍ഫ്‌ളൂവെന്‍സ വാക്‌സിനുകള്‍, ഇന്ത്യയില്‍ കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ തുടങ്ങിയ ആന്റി വൈറല്‍ മരുന്നുകള്‍, കത്തീറ്ററുകള്‍, നെബുലൈസര്‍, യൂറിന്‍ ബാഗുകള്‍, ഇന്‍ഫന്റ് ഫീഡിങ് ട്യൂബ്, ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍, പ്രമേഹം, അലര്‍ജികള്‍, കാന്‍സര്‍, സന്ധിവാതം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയാണ് മാലദ്വീപിലേക്ക് എത്തിച്ച് നല്‍കിയത്.ഡല്‍ഹി, മുംബൈ, ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും സാധനങ്ങള്‍ മാലദ്വീപിലേക്ക് കൊണ്ടുപോയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം 5.5 ടണ്‍ അവശ്യ സാധനങ്ങള്‍ മാലദ്വീപിന് ഇന്ത്യ സമ്മാനിച്ചിരുന്നു. ഇതിന് പുറമെ 14 അംഗ വിദഗ്ധ സംഘത്തെയും സഹായത്തിനായി ഇന്ത്യ അയച്ചിരുന്നു. ഇതിനൊക്കെ പുറമെയാണ് പുതിയ സഹായവും.

Top