കൊറോണ; ഹയാത്ത് ഹോട്ടല്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച വ്യക്തി താമസിച്ച ഡല്‍ഹി ഹയാത്ത് ഹോട്ടല്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഹോട്ടലിലെ ജീവനക്കാരെ ഉടന്‍ മാറ്റും. മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി.

ഫെബ്രുവരി 28നാണ് ഹോട്ടല്‍ ഹയാത്തില്‍ കൊവിഡ് ബാധിച്ച വ്യക്തി താമസിച്ചിരുന്നത്. ഈ ദിവസം ഹോട്ടലില്‍ ജോലിയില്‍ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരും 14 ദിവസം പുറം ലോകവുമായി ബന്ധപ്പെടരുതെന്ന് ഹോട്ടല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ തുടങ്ങിയെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ 46 പേര്‍ ഇപ്പോള്‍ നീരീക്ഷണത്തിലാണ്. ഇന്ത്യയില്‍ വീണ്ടും കൊവിഡ്19 ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ രാജ്യതലസ്ഥാന പരിധിയില്‍ പെടുന്ന നോയ്ഡയിലെ സ്‌കൂള്‍ അടച്ചു. ഇതിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നോയ്ഡയിലെ സ്‌കൂളില്‍ പാര്‍ട്ടി നടത്തിയിരുന്നു.ആഘോഷത്തിനെത്തിയ സഹപാഠികളും മാതാപിതാക്കളും അധ്യാപകരും നിരീക്ഷണത്തിലാണ്.

നോയിഡയില്‍ നീരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിട്ടില്ലെന്നും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം ഡല്‍ഹി മയൂര്‍ വിഹാറില്‍ കൊറോണ സ്ഥിരീകരിച്ച യുവാവുമായി ബന്ധപ്പെട്ട ആറ് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തവരാണിവര്‍. ഇവരെ ഫ്ദര്‍ജങ് ആശുപത്രിയില്‍ ഐസലേറ്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി പുണെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Top