ഡോക്ടറെ കാണാന്‍ 2 ദിവസം ക്യൂ നില്‍ക്കണം; വുഹാനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു

രു ജനതയെ മരിക്കാനായി ഉപേക്ഷിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ, ഏതാണ്ട് ആ അവസ്ഥയിലാണ് കൊറോണാവൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനിലെ ജനങ്ങളുടെ അവസ്ഥ. നഗരത്തിന് പുറത്തേക്ക് പോകാന്‍ അനുവാദം നിഷേധിക്കപ്പെട്ടതോടെ വൈറസ് ബാധയും, മരണവും കാത്തിരിക്കുന്ന അവസ്ഥയിലാണ് ഈ ജനത. ദിനംപ്രതി വൈറസ് ബാധിക്കുന്നവരുടെ എണ്ണമേറിയതോടെ പ്രതിരോധിക്കാന്‍ കഴിയാതെ ഇവിടുത്തെ ആശുപത്രി അധികൃതരും കുഴയുകയാണ്. രോഗികളെ ചികിത്സിയ്ക്കുന്നതിടെ ഒരു ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചുവീണത് മെഡിക്കല്‍ രംഗത്തിന് ആശങ്കയായി മാറുകയാണ്.

450 സൈനിക മെഡിക്കല്‍ ടീമിനെ രംഗത്തിറക്കിയാണ് വുഹാനില്‍ രോഗികളെ ചികിത്സിയ്ക്കാനായി ശ്രമിക്കുന്നത്. ഇവിടുത്തെ സീഫുഡ്, ലൈവായി മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കി നല്‍കിയിരുന്ന മാര്‍ക്കറ്റുമാണ് വൈറസ് ബാധയെ ജനങ്ങളിലേക്ക് എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വുഹാന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ പോലീസ് തടഞ്ഞ് തിരികെ അയയ്ക്കുന്നുണ്ട്. 11 മില്ല്യണ്‍ ജനങ്ങളുള്ള ഈ നഗരത്തില്‍ 56 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ആശുപത്രികള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന രോഗികള്‍ പരിഭ്രാന്തിയിലാണ്.

വൈറസ് ഭയന്നെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ പരാജയപ്പെട്ട് കഴിഞ്ഞു. രണ്ട് ദിവസം വരെയാണ് ഡോക്ടറെ കാണാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്. വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ഭര്‍ത്താവുമായി കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ കയറിയിറങ്ങുകയാണെന്ന് പ്രദേശവാസിയായ 36കാരി സിയാഓക്‌സി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. ‘എനിക്ക് സുരക്ഷയ്ക്കായി ഒന്നും ലഭിച്ചിട്ടില്ല, ഒരു റെയിന്‍ കോട്ട് അണിഞ്ഞാണ് ആശുപത്രിയ്ക്ക് മുന്നില്‍ മഴ കൊണ്ട് കാത്തുനില്‍ക്കുന്നത്. സമയം പോകുംതോറും ഞങ്ങള്‍ക്ക് പുതുവര്‍ഷം ജീവനോടെ കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്’, അവര്‍ പറഞ്ഞു.

അവധി പ്രമാണിച്ച് ലീവില്‍ പോയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാരും, മരുന്നുമായി എത്തുന്ന വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ വുഹാനിലേക്ക് എത്തുന്നത്. നഗരത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുവിടാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം ചൈനീസ് ഗവണ്‍മെന്റ് തടയുകയാണ്. വുഹാനിലെ പീപ്പിള്‍സ് പാര്‍ട്ടിയുടെ പത്രത്തിലെ മുതിര്‍ന്ന ജേണലിസ്റ്റ് നഗരത്തിന്റെ നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പങ്കുവെച്ച പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ 1300 ബെഡ്ഡുള്ള ആശുപത്രി ഉയര്‍ത്താനാണ് അധികൃതരുടെ ശ്രമം.

Top